മഹാമേരു
മഹാമേരുവിന്റെ ഒരു കൊടുമുടിയിൽ ബുദ്ധൻ ധ്യാനത്തിൽ ആയിരുന്നു. വർഷങ്ങൾ കൊണ്ട് വൃക്ഷങ്ങളും സസ്യങ്ങളും അദ്ദേഹത്തിന് ചുറ്റും വളർന്നു വന്നു. ബുദ്ധൻ പ്രകൃതിയിൽ ലയിച്ചു ചേർന്നു.അപ്പോൾ താഴെ മഹാമേരുവിന്റെ ശിലകൾ എല്ലാം ബുദ്ധ പ്രതിമകളായി സാമ്രാജ്യത്തിന്റെ നാനാദിക്കിലേക്കും പുറപ്പെട്ടു കഴിഞ്ഞിരുന്നു. അവസാനം മഹാമേരു ഒരു കുന്നായി മാറി. ബുദ്ധനും മഹാമേരുവും അലിഞ്ഞു അലിഞ്ഞു മഹാനദിയിലേക് ഒഴുകിച്ചേർന്നു. മഹാനദി സാമ്രാജ്യത്തെ ഫലഭൂയിഷ്ടമാകുകയും പകരം സകലവിധ മാലിന്യങ്ങളും സ്വീകരിച്ചു യുഗങ്ങളോളം ഒഴുകി, മനുഷ്യൻ മഹാനദിയെ കൊല്ലുന്നതു വരെ. ബുദ്ധനും മഹാമേരുവും സമുദ്രത്തിൽ വിലയം പ്രാപിക്കുകയും മത്സ്യങ്ങളായി സാമ്രാജ്യത്തിലെ ഓരോ അടുക്കളയിലും എത്തിച്ചേരുകയും ചെയ്തു. പക്ഷെ ജനങ്ങൾ എല്ലാവരും അവിടെ ഉണ്ടായിരുന്നില്ല. അവരെല്ലാം മഹാനദിയിൽ ജലം നിറക്കാൻ മഹാമേരുവിന്റെ പഴയ ബുദ്ധശിലകളോട് കരഞ്ഞു പ്രാര്ഥിക്കുകയായിരുന്നു.

No comments:
Post a Comment